Tuesday, July 29, 2008

യാത്ര...

ഒരേ വഴിയിലൂടെ ഏറെ ദൂരം ഒരുമിച്ച് നടന്നു പാറയും മരുഭൂമികളും കുപ്പിച്ചില്ലുകളും കണ്ട് തനിയെ പിന്‍വാങ്ങുന്ന സഹയാത്രികനെ/യാത്രികയെ എങ്ങനെ ആണ് പഴിക്കുക? എന്താണ് പറയുക? സ്നേഹത്തിന്റെ കുരുതി ചുവപ്പ് നടന്നെന്നോ....??

Wednesday, July 16, 2008

കഥകളി....

രംഗം 1
അരങ്ങില്‍ ഒരു കത്തി വേഷം ആയിരുന്നു... പക്കമേളകൊഴുപ്പില്‍ കലാകാരന്‍ സ്വയം മറന്നാടി... ഇടയില്‍ വെച്ചു, കേട്ടുകൊണ്ടിരിക്കുന്ന പദങ്ങള്‍ക്ക് താന്‍ ഇനി ഒരിക്കലും ആടില്ലെന്നു വാശിപിടിച്ച ഒരു പഴംകഥയുടെ ഈരടികളുമായ് സാമ്യം ഉള്ളത് പോലെ തോന്നി കലാകാരന്... ഒരുപാടു രസിച്ചിരുന്ന കാണികളെ നോക്കിയപ്പോള്‍ തന്‍റെ ആട്ടം നിര്‍ത്തി അവരെ നിരാശരാക്കാന്‍ തോന്നിയില്ല അയാള്‍ക്ക്... ഒരുപക്ഷെ കലാകാരന്റെ വിഡ്ഢിത്തം!!! കലാകാരന്‍ മതി മറന്നാടി....
രംഗം 2
കളി കഴിഞ്ഞു തളര്‍ന്നു വീണ കലാകാരന്‍ മയക്കം ഉണര്നപ്പോള്‍ ശൂന്യമായ സദസ്സും അരങ്ങും അണിയറയും കണ്ട് വിളറി... താന്‍ തീര്ത്തും കബളിക്കപ്പെട്ട പോലെ തോന്നി അയാള്‍ക്ക്.... അരങ്ങില്‍ എരിഞ്ഞു തീരാറായ വിളക്ക് മാത്രം... പടുതിരി കത്താന്‍ ഒരുങ്ങി നില്‍ക്കുന്ന നിലവിളക്ക് പോലും തന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നിപ്പോയ്‌ അയാള്‍ക്ക്... ഒരു പക്ഷെ സ്വയം ദുര്‍ബലനാകുമ്പോള്‍ ഒരു സാധാരണ മനുഷ്യന് തോന്നാവുന്ന കോംപ്ലെക്സ്‌... അയാള്‍ ആ വിളക്ക് ഊതി കെടുത്തി കളഞ്ഞു...
രംഗം3
പിന്നെ,സ്വയം തീരുമാനിച്ച പടവുകളിലൂടെ അയാള്‍ തന്‍റെ ഭാണ്ടകെട്ടുകളുമായ് പടി ഇറങ്ങി... തനിക്ക് മുന്നിലെ ഇരുട്ടിനെ വകവയ്ക്കാതെ അയാള്‍ വേഗം നടക്കാന്‍ തുടങ്ങി... പരാതിയും പരിഭവവും ആരോടും പറയാനില്ലാതെ പിന്നെ അയാള്‍ ഓടാന്‍ തുടങ്ങി... കാണുന്ന വഴികളുടെ പൊരുളുകള്‍ തേടി കാണാത്ത വഴികള്‍ തേടി പിന്നെ അയാള്‍ അലയാന്‍ തുടങ്ങി....